ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വന്‍ വിജയത്തിലെ മഹാനായകന്‍ നരേന്ദ്രമോദിയാണെന്ന അമിത് ഷായുടെ പ്രഖ്യാപനം മോദി - അമിഷ് ഷാ കൂട്ടുകെട്ടിന് ബി ജെ പിയിലുള്ള അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് പ്രവര്‍ത്തകരുടെ വിജയമാണെന്നും സര്‍ക്കാര്‍ നയങ്ങളുടെ വിജയമാണെന്നും എല്ലാത്തിലും ഉപരിയായി നരേന്ദ്രമോദിയെന്ന നേതാവിന്‍റെ ജനപ്രിയതയുടെ വിജയമാണെന്നുമാണ് അമിത് ഷാ പ്രഖ്യാപിച്ചത്.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ തിരിച്ചുവരവിലൂടെ ദേശീയതയാണ് വിജയം കണ്ടിരിക്കുന്നതെന്നും പ്രതിപക്ഷപാര്‍ട്ടികളുടെ ആശയങ്ങളെ ജനം തകര്‍ത്തെറിഞ്ഞെന്നുമാണ് അമിത് ഷാ പറയുന്നത്. തീര്‍ച്ചയായും, ബി ജെ പിയിലും എന്‍ ഡി എയിലും അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും വിമര്‍ശകര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും തലപൊക്കാന്‍ അനുവദിക്കാത്ത വിജയമാണ് ഇപ്പോള്‍ മോദി - ഷാ മഹാസഖ്യം നേടിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് അടുത്ത അഞ്ചുവര്‍ഷത്തേക്കെങ്കിലും ഈ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതൃത്വം തുടരുകതന്നെ ചെയ്യും.