പെരുമാള്‍ മരുകന്റെ പുസ്തകം പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചൊവ്വ, 5 ജൂലൈ 2016 (18:24 IST)
പെരുമാള്‍ മുരുകന്‍ രചിച്ച വിവാദ പുസ്തകം മാതൊരുഭാഗന്‍ പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാതൊരുഭാഗന്‍(അര്‍ധനാരീശ്വരന്‍) എന്ന പുസ്തകം പിന്‍വലിച്ച് പെരുമാള്‍ മുരുകന്‍ മാപ്പ് പറയണമെന്ന് നാമക്കല്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യ നാരായണ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്. പെരുമാള്‍ മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി. 
 
2015 ജനുവരി 12ന് നടന്ന ഒത്തുതീപ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. 
 
ഇതിനൊടുവില്‍ താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചത് രാജ്യത്ത് വലിയ ചര്‍ച്ചയായി. ഒത്തുതീര്‍പ്പ് ഫോര്‍മുലയെ ചോദ്യം ചെയ്ത് തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക