ആർത്തവമുണ്ടോയെന്ന് പരിശോധിക്കാൻ ഹോസ്റ്റല്‍ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (14:17 IST)
ശുചിമുറിയിൽ രക്തം കണ്ടെത്തിയതിനെത്തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവമുണ്ടോയെന്ന് പരിശോധിച്ച വാർഡനെതിരെ പരാതി. ഉത്തർപ്രദേശിലെ മുസഫർനഗറിലെ കസ്തൂർബ ഗാന്ധി ഗേൾസ് റസിഡന്‍ഷ്യൽ സ്കൂളിലാണ് ഈ സംഭവം അരങ്ങേറിയത്.  70ൽ പരം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വനിതാ വാർഡനാണ് കുട്ടികളോടു ഇത്തരത്തില്‍ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ തങ്ങളെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായും കുട്ടികള്‍ പറഞ്ഞു. 
  
ശുചിമുറിയിൽ രക്തം കണ്ടെത്തിയതിനെത്തുടർന്നാണ് വാർ‍ഡൻ വസ്ത്രം മാറ്റാൻ തങ്ങളോട് ആവശ്യപ്പെട്ടത്. ഇത് തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നും വാർഡനെതിരെ നടപടിയെടുക്കണമെന്നും കുട്ടികളിലൊരാൾ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വാർഡനെ സസ്പെൻഡ് ചെയ്തു. തുടര്‍ന്ന്  വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. 
 
അതേസമയം സംഭവം വാർഡന്‍ നിഷേധിച്ചിരുന്നു.  രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ അന്വേഷിക്കുകമാത്രമാണ് ചെയ്തതെന്നും പഠിത്തത്തിന്റെ കാര്യത്തിൽ താൻ ശാഠ്യം പിടിക്കാറുണ്ട് അതിനാൽ കുട്ടികൾക്ക് എന്നെ ഇഷ്ടമല്ലെന്നും വാർഡന്‍ പറഞ്ഞു.
Next Article