കേരളത്തിന് പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നേടിത്തരുന്ന ലോട്ടറിയുടെ വില്‍പ്പന റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുമ്പോളും ആവശ്യത്തിന് ലോട്ടറി നിര്‍മ്മിക്കാന്‍ കഴിയാതെ ഭാഗ്യക്കുറി വകുപ്പ് ധര്‍മ്മസങ്കടത്തിലായി. സര്‍ക്കാര്‍ കരുതിയതിലും അധികമാണ് ഇപ്പോള്‍ ലോട്ടറിയുടെ വില്‍പ്പന നടക്കുന്നത്. എത്ര ലോട്ടറി അച്ചടിച്ചാലും അതെല്ലാം വാങ്ങാന്‍ ആളുണ്ട് എന്ന അവസ്ഥ വന്നപ്പോള്‍ ലോട്ടറി അച്ചടിക്കാന്‍ സൌകര്യമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
ലോട്ടറി നിയമപ്രകാരം സെക്യൂരിറ്റി പ്രസ്സിലേ ലോട്ടറി അച്ചടിക്കാനാകൂ. സര്‍ക്കാരിന്റെ പക്കലുള്ള സെക്യൂരിറ്റി പ്രസ്സുകളിലായി മൂന്നിടത്താണ് നിലവില്‍ ലോട്ടറി ടിക്കറ്റ് അടിക്കുന്നത്. ഇവിടെയുള്ള ശേഷി പരമാവധി പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ അടിക്കണമെങ്കില്‍ പുതിയ പ്രസ്സുകള്‍ സ്ഥാപിക്കുകയോ ലോട്ടറി വകുപ്പുതന്നെ അച്ചടിസംവിധാനം ഏര്‍പ്പെടുത്തുകയോ വേണം. പ്രസ്സിന് സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ സമയമെടുക്കുകയും ചെയ്യും.
ഫലത്തില്‍ സര്‍ക്കാര്‍ പെട്ടിരിക്കുകയാണ്. ലോട്ടറി ക്ഷാമം മുതലെടുത്ത് മറ്റ് ലോട്ടറി സംവിധാനങ്ങള്‍ കളത്തിലിറങ്ങുമോ എന്നാണ് സര്‍ക്കാരിനെ പേടിപ്പിക്കുന്നത്. ലോട്ടറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ ഇത് ഇടയാക്കും. എല്ലാ ദിവസവും നറുക്കെടുക്കുന്ന ലോട്ടറിയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ധനശ്രീ, അക്ഷയ, കാരുണ്യ പ്ലസ്, ഭാഗ്യനിധി, കാരുണ്യ, പൗര്‍ണമി, വിന്‍വിന്‍ എന്നിവയാണ് ഓരോ ദിവസവും നറുക്കെടുക്കുന്നവ. കൂട്ടത്തില്‍ കാരുണ്യ ഭാഗ്യക്കുറിയും പിന്നെ ബമ്പര്‍ ലോട്ടറികളും വേറെ. കാരുണ്യ ലോട്ടറിയുടെ വില്‍പ്പനയിലും ക്രമാതീത വര്‍ധനയാണുള്ളത്.
ഓരോ ഇനത്തിലും പ്രതിമാസം ഒരു കോടി ടിക്കറ്റുകള്‍ വിറ്റിരുന്നത് ഇപ്പോള്‍ രണ്ട് കോടിയോടടുത്തു. 5000 കോടി രൂപയാണ് നടപ്പുവര്‍ഷം ലോട്ടറിവില്പനയിലൂടെ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം മാര്‍ച്ച് അവസാനത്തോടെ നേടാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 3800 കോടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിനു കിട്ടിയത്. ഒറ്റനമ്പര്‍, അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനം നിരോധിച്ചതോടെയാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പന കൂടിയത്.