പത്തുരൂപയ്ക്ക് എല്‍ഇഡി ലൈറ്റ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
വെള്ളി, 10 ഒക്‌ടോബര്‍ 2014 (19:02 IST)
രാജ്യത്ത് ഉര്‍ജോപഭോഗത്തിന് നിയന്ത്രണം കൊണ്ടുവരാനായി എല്‍ഇഡി ലൈറ്റുകളുടെ പ്രചാരം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്തു തുടങ്ങി. ഇതിനായി ഒരു എല്‍ഇഡി ലൈറ്റിന് പത്തുരൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി സൂചന.
കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് എന്നിവയാണ് പദ്ധതി തയ്യാറാക്കുന്നത്. എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് (ഇഎസ്എസ്എല്‍) മുഖേനയാണ് ബള്‍ബുകള്‍ വീടുകളില്‍ എത്തിക്കുക. നിലവില്‍ 400 രൂപയോളമാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക് വിപണിവില.
സാധാരണക്കാര്‍ക്ക് ഇത് താങ്ങാന്‍ സാധിക്കാത്തതിനാലാണ് വിലകുറച്ച് പൊതുജനങ്ങള്‍ക്ക് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ് , എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം എന്നതാണ് എല്‍ഇഡി ലൈറ്റുകളുടെ സവിശേഷത. ഈയ്യിടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. ഇത് മാതൃകയാക്കിയെടുത്തായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് വന്നത്.
രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാന്‍ അവസരമുണ്ടായിരിക്കും. ഇതിനാവശ്യമായ ചെലവ് വൈദ്യുതിവിതരണ കമ്പനികള്‍ ഇസ്എസ്എസ്എല്ലിന് നല്‍കിയാല്‍ മതിയാകും. ബള്‍ബുകള്‍ വാങ്ങുന്നതിലുണ്ടാകുന്ന അധിക ബാധ്യത കുറഞ്ഞ വൈദ്യുതോപഭോഗം മൂലം ഉണ്ടാകുന്ന ലാഭത്തില്‍ കൂടി മറികടക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്.