ഈ അധോലോക നായകനെ തൊട്ടുകളിക്കേണ്ട; രജനീകാന്തിന് വക്കീല്‍ നോട്ടീസ്!

ശനി, 13 മെയ് 2017 (11:35 IST)
സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താൻ മിർസയുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
 
ഹാജി മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദർ ശേഖറാണ് രജനീകാന്തിന് വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തില്‍ ഹാജി മസ്താനെ അധോലോക നായകനാക്കിയാണ് ചിത്രീകരിക്കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നത്.
 
ഹാജി മസ്താന്റെ ജീവിതത്തെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രത്തെ എതിര്‍ക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിയിലെ പ്രവർത്തകര്‍ക്കും ഇതേ നിപാടാണുള്ളത്. എതിര്‍പ്പുകള്‍ അവഗണിച്ച് ചിത്രീകരണവുമായി മുന്നോട്ടു പോയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 
 
കബാലിക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിൽ ഹാജി മസ്താനായി രജനിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല.  
 
തമിഴ്‌നാട്ടില്‍ നിന്ന് മുംബൈയിലെത്തിയ ഹാജി മസ്താൻ എന്നറിയപ്പെടുന്ന മസ്താൻ ഹൈദർ മിർസ കുപ്രസിദ്ധ അധോലോക നായകനായിട്ടാണ് അറിയപ്പെടുന്നത്.  

വെബ്ദുനിയ വായിക്കുക