ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസാക്കിയെടുക്കാന്‍ പ്രത്യേക സമിതിയുമായി കേന്ദ്രസര്‍ക്കാര്‍
ചൊവ്വ, 12 മെയ് 2015 (16:44 IST)
മോഡി സര്‍ക്കാരിന്റെ വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമം പാസാക്കിയെടുക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. ബില്ല് ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതാണ് സര്‍ക്കാരിന്റെ പുതിയ നീക്കത്തിനു കാരണം. സമാനമായ സമിതി ചരക്ക് സേവന നികുതി ബില്ലിനും ഉണ്ടാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്മേല്‍ ചര്‍ച്ച നടത്തുന്നതിന് ഇരു സഭകളുടെയും സംയുക്ത സമിതിയാണ് രൂപീകരിക്കുന്നത്.
30 പേരടങ്ങുന്ന സമിതിയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ 20 പേര്‍ ലോക് സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമാണ്. ലോക്‌സഭയില്‍ നിന്ന് 10 പേരെയും രാജ്യസഭയില്‍ നിന്ന് 2 പേരെയും ബിജെപി നാമനിര്‍ദ്ദേശം ചെയ്യും. ഡാര്‍ജിലിംഗില്‍ നിന്നുള്ള ബി ജെ പി എംപി എസ് എസ് അലുവാലിയയാണ് സമിതിയുടെ തലവന്‍. അടുത്ത ബജറ്റ് സെഷനുമുമ്പ് ബില്ല് പാസാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുള്ള അനുകൂല വഴിയൊരുക്കലാണ് ഈ സമിതി.
ചരക്ക് സേവന നികുതി ബില്ലിനും സമാന സമിതിയുണ്ട്. സമിതിക്ക് നേതൃത്വം നല്‍കുന്നത് ബി ജെ പി അംഗമായ ഭൂപേന്ദ്ര യാദവ് ആണ്. അടുത്ത ബജറ്റ് സേഷനില്‍ ഇരു സമിതികളും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ ബില്ലുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. അതിനു പകരമാണ് പുതിയ സമിതിയുണ്ടാക്കി കേന്ദ്രസര്‍ക്കാര്‍ കുറുക്കുവഴി കണ്ടെത്തിയത്.