കെഎസ്ആര്‍ടിസി ചെന്നൈയിലേക്കും വരണം; മലയാളികള്‍ക്ക് വേണ്ടി അഭിലാഷിന്റെ പോരാട്ടം

ചൊവ്വ, 26 ജൂലൈ 2016 (15:47 IST)
കെഎസ്ആര്‍ടിസി ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തണമെന്ന് മലയാളികള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കാലം കുറെയായി. നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും പലതും നല്‍കിയെങ്കിലും കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് ചെന്നൈ ഇന്നും ബാലി കേറാ മല തന്നെ. എന്നാല്‍ കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ചെറുതായി അനക്കം വച്ച് തുടങ്ങിയിട്ടുണ്ട്. 
 
ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി പെര്‍മിറ്റ് ലഭിക്കാനുള്ള അപേക്ഷ തമിഴ്‌നാട് ഗതാഗത സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുകയും സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിക്കുകയും ചെയ്യുന്നതുവരെയെത്തി കാര്യങ്ങള്‍. ഇതിനെല്ലാം പിന്നില്‍ അഭിലാഷ് നാഥ് എന്ന മലയാളിയുടെ പ്രയത്‌നമുണ്ട്. ചെന്നൈ ശ്രീപെരുമ്പത്തൂര്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ് മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് കൊട്ടാരക്കര സ്വദേശിയായ അഭിലാഷ് നാഥ്. 
 
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അഭിലാഷ് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ അഭിലാഷ് വീണ്ടും തന്റെ നിവേദനം സമര്‍പ്പിച്ചു. ഇത്തവണ നിവേദനത്തിനൊപ്പം പ്രതിദിനം കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ സര്‍വ്വീസുകളുടെ എണ്ണവും ചേര്‍ത്തു. 
 
തമിഴ്‌നാട്ടിലെ പ്രധാന കോളജുകളും വ്യവസായ ശാലകളുമുള്ള  പാലക്കാട്- കൃഷ്ണഗിരി ഹബ്ബ് വഴി വെല്ലൂര്‍- കാഞ്ചിപുരം റൂട്ടിലോ തിരുവനന്തപുരം- പൊള്ളാച്ചി വഴി ചെന്നൈയിലേക്കോ സര്‍വ്വീസ് നടത്തിയാല്‍ അത് കെഎസ്ആര്‍ടിസിയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുമെന്ന നിര്‍ദ്ദേശവും അഭിലാഷ് മുന്നോട്ട് വയ്ക്കുന്നുണ്ട്. പരാതി ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയ വഴി സ്റ്റാര്‍ട്ട് കെഎസ്ആര്‍ടിസി ടു ചെന്നൈ എന്ന ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചു. അതോടെ പ്രശ്‌നം നിരവധി പേര്‍ ഏറ്റെടുത്തു തുടങ്ങി. ഹാഷ് ടാഗ് പ്രചരണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക