കശ്മീർ സംഘർഷം; പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം, കോടതി ഇടപെട്ടിട്ട് കാര്യമില്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി

ചൊവ്വ, 23 ഓഗസ്റ്റ് 2016 (08:19 IST)
കശ്മീരില്‍ ആഴ്ചകളായി തുടരുന്ന സംഘർഷം ലഘൂകരിക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഉന്നത പദവി അലങ്കരിച്ചിരിക്കുന്നവരുമായി ചർച്ച നടത്തും. നേരത്തേ ഇത്തരത്തിൽ 25 പേരുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കശ്മീരിലേക്ക് സര്‍വ്വ കക്ഷി സംഘത്തെ അയയ്ക്കല്‍. കശ്മീരില്‍ നിന്നുള്ള പ്രമുഖ നേതാക്കളുടെ പ്രക്ഷോഭകാരികളുമായി കൂടിക്കാഴ്ച, സമാധാന സന്ദേശവുമായി പുരോഹിതരുടെ സംഘത്തെ അയയ്ക്കല്‍ തുടങ്ങിയവയാണ് സർക്കാരിന്റെ പരിധിയിൽ ഉള്ള പദ്ധതികൾ.
 
അതിനിടെ, പ്രശ്നങ്ങള്‍ക്ക് കോടതി ഇടപെടലിനേക്കാള്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കശ്മീര്‍ വിഷയം വിവിധ മാനങ്ങളുള്ളതാണ്. അതിനാല്‍ രാഷ്ട്രീയ പരിഹാരമാണ് അഭികാമ്യം. എല്ലാ കാര്യങ്ങളും നിയമത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട് പരിഹരിക്കാനാകില്ളെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാകുര്‍ അധ്യക്ഷനായുള്ള ബെഞ്ച് നിര്‍ദേശിച്ചു. 
 
അതേസമയം, കശ്മീരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഞായറാഴ്ച കണ്ണീര്‍വാതകപ്രയോഗത്തിനിടെ യുവാവായ ഇര്‍ഫാന്‍ വാനി കൊല്ലപ്പെട്ടതോടെ ലാല്‍ ചൗക്കിലും സമീപ പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ചിലയിടങ്ങളില്‍ കര്‍ഫ്യൂവില്‍ അയവുവരുത്തിയെങ്കിലും ഇവിടങ്ങളില്‍ നിരോധാജ്ഞ തുടരുകയാണ്. തെരുവുകളില്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനും വിലക്കുണ്ട്. 
 

വെബ്ദുനിയ വായിക്കുക