സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തുടങ്ങിയും ഡല്‍ഹിയില്‍ മുന്‍തൂക്കം നേടിയ കെജ്രിവാളിനും സംഘത്തിനു തിരിച്ചടി നല്‍കുന്ന പുതിയ അഭിപ്രായ സര്‍വ്വേകള്‍ പുറത്തുവന്നു. കിരണ്‍ ബേദിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി ഡല്‍ഹിപിടിക്കാന്‍ ബിജെപി അരയും തലയും മുറുക്കിയതോടെ കെജ്രിവാളിന്റെ സാധ്യതകള്‍ മങ്ങിയതായാണ് പുറത്ത് വന്ന പുതിയ അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ കിരണ്‍ ബേദിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുതിച്ചുയരുന്നതായാണ് സ്സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ പേരും ഇപ്പോഴും പിന്തുണയ്ക്കുന്നത് കെജരീവാളിനെയാണെങ്കിലും, കിരണ്‍ ബേദി തൊട്ടുപിന്നിലെത്തിയിട്ടുണ്ട്. കെജരീവാളിനെ 47 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ ബേദിയെ 44 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്ത് കാണുന്നതായി എബിപി ന്യൂസ്-നീല്‍സണ്‍ സര്‍വേയില്‍ പറയുന്നു. ബിജെപി 43 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍, ആം ആദ്മിക്ക് 39 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ വിലയിരുത്തുന്നു.
അതേസമയം ബേദിയുടെ ബിജെപിയിലേക്കുള്ള വരവിനെയും ബഹുഭൂരിപക്ഷവും ചോദ്യം ചെയ്യുന്നുണ്ട്. ബേദി ആം ആദ്മി പാര്‍ട്ടിയിലാണ് ചേരേണ്ടിയിരുന്നതെന്ന് സര്‍വേയില്‍ പങ്കെടുക്ക 44 ശതമാനം പേര്‍ കരുതുന്നു. ബേദി ഏതു പാര്‍ട്ടിയില്‍ ചേര്‍ന്നാലും കുഴപ്പമില്ലെന്ന് 23 ശതമാനം അഭിപ്രായപ്പെടുമ്പോള്‍, 33 ശതമാനം പേരാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്. ബേദിയുടെ വരവ് വോട്ട് ആര്‍ക്കുചെയ്യണമെന്ന തീരുമാനത്തെ മാറ്റിമറിക്കില്ലെന്ന് 61.6 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
എന്നാല്‍ മുഖ്യമന്ത്രിയാകാനുള്ള സ്വീകാര്യതയില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 41.4 ശതമാനമാനം വനിതാ വോട്ടര്‍മാര്‍ ബേദിയെ മുഖ്യമന്ത്രി പിന്തുയക്കുമ്പോള്‍ കെജ്രിവാളിന് 40 ശതമാനം വനിതാ വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇപ്പോഴും ആം ആദ്മി പാര്‍ട്ടിക്ക് നേരീയ മുന്‍തൂക്കമുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 46 ശതമാനത്തിന്റെ പിന്തുണ അവര്‍ക്കുണ്ട്. ബിജെപിക്ക് 45 ശതമാനത്തിന്റെയും. എട്ടുശതമാനം പേര്‍ മാത്രമാണ് മുന്‍ ഭരണാധികാരികളായ കോണ്‍ഗ്രസ്സിനൊപ്പമുള്ളത്.
ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് മറ്റൊരു സര്‍വേ സൂചിപ്പിക്കുന്നു. 37 സീറ്റാണ് ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വേ ബിജെപിക്ക് നല്‍കുന്നത്. 26 സീറ്റുകളുമായി ആം ആദ്മി രണ്ടാമതെത്തുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ രണ്ട് സീറ്റുകള്‍ കുറവാണിത്. കോണ്‍ഗ്രസ്സിന് ഏഴ് സീറ്റുകളാകും ലഭിക്കുക.