കിരണ്‍ ബേദിയെ കാണ്മാനില്ല!!!

വ്യാഴം, 19 ഫെബ്രുവരി 2015 (17:37 IST)
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ബേദിയെ കാണാനില്ലത്രേ! ബിജെപി ഓഫീസില്‍ പോയിട്ട് തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു ശേഷം ബേദിയെ തലസ്ഥാനത്ത് മഷിയിട്ടുനോക്കിയാല്‍ പോലും കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് എന്നാണ് സൂചന. തോല്‍വിക്ക് ശേഷം ബേദി ബി ജെ പി ആസ്ഥാനത്ത് പോലും വന്നിട്ടില്ല. ബി ജെ പിക്കൊപ്പം നിന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് ബേദി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തോറ്റുതുന്നം പാടിയതിനാല്‍ ബേദിയെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെതന്നെ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയാക്കിയതിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. അതവര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നതുമാണ്. ഇനി വീണ്ടും ബിജെപി, ജനസേവനം എന്നൊക്കെപ്പറഞ്ഞ് പാര്‍ട്ടി ഓഫീസില്‍ എത്തിയാല്‍ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതിനാലാകണം ബേദി തല പുറത്ത് കാണിക്കാത്തതെന്ന് സൂചനയുണ്ട്. ബി ജെ പിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറില്‍ നിന്നു പോലും ബേദിക്ക് ജയിക്കാനായില്ല എന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ സജീവമായാലും ബേദിയെ എന്ത് സ്ഥാനത്ത് ഇരുത്തും എന്നതിനേക്കുറിച്ച് സീനിയര്‍ നേതാക്കള്‍ ആരും ഒന്നും പറഞ്ഞിരുന്നില്ല. അതിനു പുറമേ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ ആര്‍ എസ് എസ് രംഗത്തെത്തിയത് ബേദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. തുടര്‍ച്ചയായി രണ്ട് ദിവസമാണ് മുഖപത്രത്തിലൂടെ ആര്‍എസ്എസ് ബിജെപിയുടെ  തീരുമാനത്തെ വിമര്‍ശിച്ചത്. ഇതോടെ ബേദി മാളത്തില്‍ കയറുകയായിരുന്നു.

70 ല്‍ വെറും 3 സീറ്റുകള്‍ മാത്രമാണ് ബേദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെ പിക്ക് ജയിക്കാന്‍ പറ്റിയത്. 67 സീറ്റുകളോടെ ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തുകയും ചെയ്തു. കിരണ്‍ ബേദിയെ ഭരണഘടനാ പരമായി പദവിയിലേക്ക് ബി ജെ പിയും നരേന്ദ്ര മോഡിയും പരിഗണിക്കണമെന്ന് ബേദിയുടെ ഭര്‍ത്താവ് ബ്രിജ് ബേദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക