ഖാപ്പ് പഞ്ചായത്തുകളെ പുകഴ്‌ത്തി ഹരിയാന മുഖ്യമന്ത്രി
തിങ്കള്‍, 25 മെയ് 2015 (16:21 IST)
സമാന്തര കോടതികളായി പ്രവര്‍ത്തിച്ച് ദുരഭിമാനക്കൊലകള്‍ക്ക് പോലും കാരണമാകുന്ന ഖാപ് പഞ്ചായത്തുകള്‍ക്ക് ഹരിയാന മുഖ്യമന്ത്രിയുടെ പിന്തുണ. ഖാപ്പ് പഞ്ചായത്തുകളെ പുകഴ്‌ത്തിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിച്ച് സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഖാപ്പ് പഞ്ചായത്തുകള്‍ നിര്‍വഹിക്കുന്ന പങ്ക് വിസ്‌മരിക്കാനാകില്ലെന്നാണ് പറഞ്ഞത്.
ഖാപ്പ് പഞ്ചായത്തുകളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യ മൂല്യങ്ങളുടെ സംരക്ഷകരായാണ് താന്‍ എല്ലാക്കാലത്തും ഖാപ്പ് പഞ്ചായത്തുകളെ കണക്കാക്കിയിട്ടുള്ളതെന്ന് ഖട്ടാര്‍ പറഞ്ഞു. മഹാം ചൗബിസി ഖാപ്പിന്റെ കീഴിലുള്ള നിദന പഞ്ചായത്തിലാണ് താന്‍ ജനിച്ചതെന്നും ഖട്ടാര്‍ പറഞ്ഞു. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ സര്‍വജാതീയ കണ്ഡേല ഖാപ്പ്-കണ്ഡേല ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഒരു പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ പദ്ധതി നടപ്പിലാക്കുന്നതില്‍ ഖാപ്പ് പഞ്ചായത്തുകള്‍ നിര്‍വഹിക്കുന്ന പങ്കിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ബേട്ടി ബച്ചാവോ നടപ്പിലാക്കുന്നതിന് സഹകരിക്കുമെന്ന് അഖില ഭാരതീയ ജാട്ട് മഹാസഭയും ഖാപ്പ് പഞ്ചായത്തുകളും പ്രഖ്യാപിച്ചിരുന്നു.