ഒരുകാലത്ത് പഞ്ചാബില്‍ കൊടുമ്പിരികൊണ്ടിരുന്ന ഖലിസ്ഥാന്‍ വിഘടന വാദത്തെ തിരികെ കൊണ്ടുവരാന്‍ പാക് ചാര സംഘടനയായ ഐഎസ്ഐ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഭീകര ക്യാമ്പുകള്‍ തുടങ്ങി അവിടെ സിഖ് യുവാക്കളെ പരിശീലിപ്പിക്കുകയാണ് ഐഎസ്‌എയുടെ നീക്കം. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകനായ ജഗ്ദര്‍ സിങ് താരയെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭ്യമായത്.
പഞ്ചാബികളെ ജോലിക്കെന്ന പേരില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊണ്ടുവന്ന് ഭീകര പരിശീലന ക്യാംപിലെത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്ര വിപുലമായ രീതിയില്‍ പരിശീലനം നല്‍കുന്ന കാര്യം അതീവ ഗൌരവത്തോടെയാണ്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് തായ്‌ലന്‍ഡില്‍ നിന്ന് നാല് സിഖ് ഭീകരരെയാണ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പിന്നില്‍ ഭീകരബന്ധം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രദ്ധിച്ചത്.
കുറേ വര്‍ഷങ്ങളായി പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഐഎസ്ഐ ശ്രമിക്കുകയാണെന്നാണ് താര അറിയിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് തായ്‌ലന്‍ഡില്‍ നിന്ന് താരയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖാലിസ്ഥാന്‍ ടൈഗേഴ്സ് എന്ന ഭീകര സംഘടനയുടെ സ്വയം പ്രഖ്യാപിത മേധാവിയായിരുന്നു താര. 2004ല്‍ ഛണ്ഡിഗഢിലെ ബുറെയ്ല്‍ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കിയാണ് താരയും മറ്റു മൂന്നുപേരും രക്ഷപ്പെട്ടത്.