മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ചെയ്തകേസില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്. ഉടുപ്പി ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളായ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2013 ജൂണ്‍ 20ന് രാത്രിയായിരുന്നു സംഭവം. രാത്രി പതിനൊന്നരയോടെ സര്‍വ്വകലാശാലാ ലൈബ്രറിയില്‍ നിന്ന് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു കുട്ടി സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേദിവസം പെണ്‍കുട്ടി കാംപസില്‍ തിരിച്ചെത്തിയപ്പോഴാണ് കൂട്ടബലാത്സംഗത്തിന്റെ കഥ പുറംലോകം അറിഞ്ഞത്.
സംഭവം നടന്ന് ഏറെ കഴിയും മുമ്പ് തന്നെ മണിപ്പാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദ തിപ്പണ്ണാവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടിയിരുന്നു. പ്രതികളില്‍ യോഗേഷ് പൂജാരി, ആനന്ദ് എന്നിവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തെളിവ് നശിപ്പിച്ച കുറ്റത്തിന് യോഗേഷിന്റെ സഹോദരന്‍ ബാലചന്ദ്രയും ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രയും പിന്നീട് അറസ്റ്റിലായിരുന്നു.