യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവം; സൈന്യം ഉത്തരവാദിത്തമേറ്റു
ജമ്മു കശ്മീരില്‍ സൈനികരുടെ വെടിയേറ്റു രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ സൈന്യം ഏറ്റെടുത്തു. ഏതാനും ദിവസം മുന്‍പ് ബെഡ്ഗാം ജില്ലയിലെ ഛതര്‍ഗമില്‍ കാര്‍ യാത്രക്കാര്‍ക്കുനേരെ നടത്തിയ വെടിവയ്പ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്. ചെക്പോസ്റ്റില്‍ സൈന്യം ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെപോയപ്പോഴാണ് കാറിനുനേരെ വെടിവച്ചത്.
കാറില്‍ തീവ്രവാദികളാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്നാണ് സൈന്യം വെടിവച്ചതെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുന്നുവെന്നും ലഫ്.ജനറല്‍ ഡിഎസ് ഹൂഡ പറഞ്ഞു. ഭാവിയില്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു തെറ്റ് സംഭവിക്കില്ല. മരിച്ചവരുടെ കുടുംബത്തോട് സേനയുടെ അതീവ ദുഃഖം അറിയിക്കുന്നു. രണ്ടു ജീവനുകള്‍ നഷ്ടപ്പെടുത്തിയതില്‍ സൈന്യം പശ്ചാത്തപിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതവും പരുക്കേറ്റവര്‍ക്ക് 5 ലക്ഷം വീതവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.