കശ്മീരില്‍ കാവിക്കൊടി അത്ര ഉയരത്തില്‍ പാറില്ല, പകരം പിഡിപി കൊടി ഉയര്‍ത്തും

ചൊവ്വ, 25 നവം‌ബര്‍ 2014 (16:25 IST)
ജമ്മു-കാശ്മീരില്‍ അധികാരം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് അമിത് ഷായും നരേന്ദ്ര മോഡിയും നടത്തുന്ന കരുനീക്കങ്ങള്‍ അത്രകണ്ട് വിലപ്പോവില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍. കശ്മീരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത് മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ മെഹബൂബ മുഫ്ത്തിയുടെ നേതൃത്വത്തില്‍ മത്സരിക്കുന്ന പിഡിപിയായിരിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. അതേ സമയം ഒന്നാമതെത്താന്‍ കഴിയില്ലെങ്കിലും നിലവിലുള്ളതിന്റെ ഇരട്ടി സീറ്റുകളോടെ ബിജെപി കശ്മീരില്‍ രണ്ടാം കക്ഷിയാകുമെന്നും ഫലങ്ങള്‍ പ്രവചിക്കുന്നു.

അതേ സമയം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണ്ണമാകുമെന്നാണ് വിലയിരുത്തല്‍. വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങും. ഭരണ കക്ഷിയായ നാഷ്ണല്‍ കോണ്‍ഫറന്‍സ് വെറും പത്തു സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചനങ്ങളുണ്ട്. ഭരണ വിരുദ്ധ വികാരമാണ് നാഷണല്‍ കോണ്‍ഫറന്‍സിനു വിനയാകുന്നത്. ജമ്മു-കാശ്മീര്‍ നിയമസഭയില്‍ 12 അംഗങ്ങളാണ് നിലവില്‍ ബിജെപിക്കുള്ളത്. ഇത് 25 സീറ്റോളം ആയി ഉയരുമെന്നാണ് പ്രവചനം.

കശ്മീരി പണ്ഡിറ്റുകള്‍ ഏറെയുള്ള ജമ്മു മേഖലയില്‍ ബിജെപി മുന്തൂക്കം നേടുകതന്നെ ചെയ്യും. എന്നാല്‍ ന്യൂനപക്ഷ കോട്ടകളില്‍ പിഡിപിക്ക് തന്നെയാണ് കരുത്ത്. കൂടാതെ കശ്മീര്‍ താഴ്വര പിഡിപിക്ക് കൂടെ നിന്നേക്കുമെന്നും പ്രവചനമുണ്ട്. ഇവിടെ ഏറിവന്നാല്‍ ഒന്നോ രണ്ടോ സീറ്റുകളിലധികം ബിജെപി നേടിയേക്കില്ല. 87 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 44 അംഗങ്ങള്‍ വേണം. 35 സീറ്റ് വരെ നേടി ചെറുകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ അത്രയും അടുത്ത് എത്താന്‍ ബിജെപിക്ക് കഴിയില്ല എന്നാണ് പ്രവചനങ്ങള്‍.

തെരഞ്ഞെടുപ്പില്‍ ജമ്മുവിലെ 24 സീറ്റില്‍ ബിജെപി മുന്‍തൂക്കം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അതിനോട് അടുത്ത നേട്ടം ബിജെപിക്ക് ലഭിക്കും. പിഡിപിക്ക് 41 സീറ്റില്‍ കാശ്മീര്‍ താഴ് വരയില്‍ മുന്‍തൂക്കം ഉണ്ടായിരുന്നു. നിയമസഭയിലേക്കും ഈ ട്രെന്‍ഡ് തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങളും,കാശ്മീരിലെ വെള്ളപ്പൊക്കത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി കാശ്മീരിന്റെ മനസ്സ് അനുകൂലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് എത്തിയതും കശ്മീരികളെ ബിജെപിയിലേക്ക് അടുപ്പിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക