സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല; കശ്മീരില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

വ്യാഴം, 21 ജൂലൈ 2016 (08:13 IST)
കശ്മീരിലെ സംഘര്‍ഷാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. എന്നാല്‍ കശ്മീരിലെ വിമത നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദ് ഈമാസം 25 വരെ ദീര്‍ഘിപ്പിക്കും.  സര്‍വകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സും പ്രഖ്യാപിച്ചു.
 
കശ്മീര്‍ താഴ്വരയിലെ നാലു ജില്ലകളില്‍ സ്‌കൂളുകള്‍ വ്യാഴാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ദിപോറ, ബാരാമുല്ല, ബദ്ഗാം, ഗന്ദര്‍ബാല്‍ ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കുമെന്നാണ് പ്രഖ്യാപനം.
 
കേന്ദ്ര സര്‍ക്കാറിന്റെ അതിക്രമങ്ങളോടുള്ള പ്രതിഷേധം തുടരണമെന്ന് സയ്യിദ് അലിഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസിന്‍ മാലിക് എന്നിവരാണ് ആഹ്വാനം ചെയ്തത്. ഇതു മുന്‍നിര്‍ത്തി വ്യാഴാഴ്ച അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കശ്മീര്‍ ദിനമായി പ്രഖ്യാപിച്ച് പൂര്‍ണ ബന്ദ് ആചരിക്കും. തൊട്ടടുത്ത ദിനങ്ങളിലും പൂര്‍ണ ബന്ദാചരണം നടക്കും.
 

വെബ്ദുനിയ വായിക്കുക