തമിഴ്നാട്ടിലെ ഭരണ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഇടക്കാല സംവിധാനം കൊണ്ടുവരണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം കരുണാനിധി. സംസ്ഥാനത്തെ ഭരണ സംവിധാനം ഇപ്പോൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നറിയില്ല. മുഖ്യമന്ത്രിയുടേതുൾപ്പെടെയുള്ള പല വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്. ഇതിനൊരു പ്രതിവിധി അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനാൽ മന്ത്രിമാരെല്ലാം ചുമതല മറന്ന് ആശുപത്രിയിൽ തന്നെ തുടരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സംസ്ഥാനത്തെ ഭരണസ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. അതേസമയം ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് അപ്പോളോ ആശുപത്രി അവസാനിമിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്.
കൃത്രിമ ശ്വാസം നൽകുന്നത് ഇപ്പോഴും തുടരുകയാണെന്നും ശ്വാസ കോശത്തിലെ തടസം വളരെ ഗുരുതരമാണെന്നുമാണ് പുറത്തുവരുന്ന സൂചന. എയിംസ് ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ ജയലളിതയെ ഇടവേളകളിലെത്തി പരിശോധിക്കുകയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നോ നാളെയോ ജയലളിതയെ സന്ദർശിക്കാനെത്തിയേക്കുമെന്ന സൂചനയുമുണ്ട്.