തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയെ പേരു വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്നാട് നിയമസഭാ സ്പീക്കർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയെ പി എം നരസിംഹൻ എം എൽ എ നിയമസഭയിൽ വെച്ച് പേരു വിളിച്ച് അഭിസംബോധന ചെയ്തതായിരുന്നു എല്ലാത്തിന്റേയും തുടക്കം.
മുൻ മുഖ്യമന്ത്രിയെ പേരു വിളിക്കരുതെന്നും അത് ശരിയല്ലെന്നും ആരോപിച്ച് ഡി എം കെ രംഗത്തെത്തി. ഇത് സഭയിൽ പ്രശ്നങ്ങൾക്ക് കാരണമായി. സംഭവം വാദപ്രതിവാദങ്ങൾക്ക് കാരണമായപ്പോൾ മുൻ മുഖ്യമന്ത്രിയെ പേരു വിളിക്കുന്നതിൽ തെറ്റില്ലെന്ന് സ്പീക്കർ ധനപാൽ വ്യക്തമാക്കി.
അങ്ങനല്യെങ്കിൽ മുഖ്യമന്ത്രിയെ പേരു വിളിച്ച് അഭിസംബോധന ചെയ്യാമോ എന്ന് ഡി എം കെയുടെ എം എൽ എമാർ ചോദിച്ചു. മുഖ്യമന്ത്രിയെ പേരു വിളിക്കരുതെന്നും ഇതു തന്റെ ഉത്തരവാണെന്നും സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. എം എൽ എയെ പേരു വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ആരോപിച്ചു.