കൊവിഡ് വ്യാപനം വർധിയ്ക്കുന്നു, ചിന്നസ്വാമി സ്റ്റേഡിയവും, ബെംഗളുരു പാലസും കൊവിഡ് കെയർ സെന്ററാക്കാൻ കർണാടക
ബെംഗളുരു: കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം പ്രത്യേക കൊവിഡ് കെയർ സെന്ററാക്കി മാറ്റാൻ തീരുമാനം. സ്റ്റേഡിയത്തിനൊപ്പം ബെംഗളുരു പാലസും ചികിത്സാ കേന്ദ്രമാക്കി മാറ്റും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബെംഗളുരു അന്താരാഷ്ട്ര എക്സിബിഷൻ സെന്റർ കഴിഞ്ഞ ദിവസം കൊവിഡ് കെയർ സെന്ററാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ചിന്നസ്വാമി സ്റ്റേഡിയവും, ബെംഗളുരു പാലസും ചികിത്സാ കേന്ദ്രമാക്കുന്നത്.
ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും. രോഗവ്യാപനം ചെറുക്കുന്നതിനും ചികിത്സയ്ക്കും വേണ്ട എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട് എന്നും കൊവിഡ് 19 മാനേജ്മെന്റ് ചുമതലയുള്ള മന്ത്രി ആർ അശോക പറഞ്ഞു. 600 ഓളം ആംബുലൻസുകൾ രോഗികളെ എത്തിയ്ക്കുന്നതിനായി സജ്ജികരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,000 ത്തോട് അടുക്കുകയാണ്. 16,531 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 470 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.