കാണ്‍പുര്‍ ട്രയിന്‍ ദുരന്തത്തില്‍ മരണം 145; ട്രയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

ചൊവ്വ, 22 നവം‌ബര്‍ 2016 (09:40 IST)
കാണ്‍പുര്‍ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു ഇന്‍ഡോര്‍ - പാട്‌ന എക്സ്പ്രസ് ട്രയിന്‍ പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഉണ്ടായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചപ്പോള്‍ ആണ് 145 മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതില്‍ 123 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
തിരിച്ചറിഞ്ഞതില്‍ 105 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ് കാണ്‍പുരില്‍ കണ്ടത്. 200ലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ 73 പേരുടെ പരുക്ക് ഗുരുതരമാണ്.
 
പരുക്കേറ്റവര്‍ കാണ്‍പുരിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇന്‍ഡോറില്‍ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്ന 19321 ആം നമ്പര്‍ ട്രയിനാണ് പാളം തെറ്റിയത്.
 
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അഞ്ചുലക്ഷവും റെയില്‍വേ മന്ത്രി രണ്ടു മുതല്‍ മൂന്നര ലക്ഷം വരെ എക്സ്ഗ്രേഷ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടു ലക്ഷവും സഹായധനം പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക