Kangana Ranaut: 'എന്റെ അമ്മയും അപ്പോള്‍ സമരം ചെയ്യുകയായിരുന്നു'; കങ്കണയുടെ കരണത്ത് അടിച്ച് കുല്‍വിന്ദര്‍ പറഞ്ഞത്, ജോലിയില്‍ സസ്‌പെന്‍ഷന്‍ !

രേണുക വേണു

വെള്ളി, 7 ജൂണ്‍ 2024 (09:57 IST)
Kangana Ranaut and Kulwinder Kaur

Kangana Ranaut: ഛണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥ തന്റെ കരണത്തടിച്ചെന്ന് നടിയും ബിജെപി നേതാവുമായ കങ്കണ റണൗട്ട്. ഹിമാചല്‍ പ്രദേശിലെ മംഡിയില്‍ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡല്‍ഹിയിലേക്കു പോകാന്‍ ചണ്ഡീഗഢിലെത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയായിരുന്ന സി.ഐ.എസ്.എഫ് അംഗം കുല്‍വിന്ദര്‍ കൗര്‍ ആണ് കങ്കണയെ അടിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ കുല്‍വിന്ദര്‍ കൗറിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 
 
വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്ക് ഏരിയയില്‍ വെച്ചാണ് സംഭവമുണ്ടായത്. കര്‍ഷക സമരത്തെ പരിഹസിച്ച് കങ്കണ നേരത്തെ സംസാരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുല്‍വിന്ദര്‍ കങ്കണയുടെ കരണത്തടിച്ചത്. നൂറോ ഇരുന്നൂറോ രൂപ കിട്ടാന്‍ വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നാണ് കങ്കണയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശം. തന്റെ അമ്മയും സഹോദരനും കര്‍ഷകരാണെന്നും കര്‍ഷകരെ പരിഹസിച്ച് കങ്കണ സംസാരിക്കുമ്പോള്‍ തന്റെ അമ്മയും കര്‍ഷക സമരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നെന്നും സംഭവത്തിനു ശേഷം കുല്‍വിന്ദര്‍ പറഞ്ഞു. 
 
കുല്‍വിന്ദറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. 
 
ഹിമാചലിലെ മംഡിയില്‍ നിന്ന് 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കങ്കണ ജയിച്ചത്. താരത്തിനു 5,37,022 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍