പുതുവർഷാഘോഷത്തിനിടെ തുർക്കിയിലെ ഇസ്താംബൂളിൽ ഐ എസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് മുന്നോടിയായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പുറത്തുവിട്ട വീഡിയോയിൽ ലോകനേതാക്കളുടെ കൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മുസ്‌ലിം വിഭാഗക്കാരുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന നേതാക്കളെക്കുറിച്ചു പരാമർശിക്കുന്നവരുടെ കൂട്ടത്തിലാണ് മോദിയുടെ പേരും ഐ എസ് പരാമർശിച്ചത്.
തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ്, ഫ്രാൻസിസ് മാർപാപ്പ, മുൻ മ്യാൻമർ പ്രസിഡന്റ് തെയിൻ സെയിൻ, ഇസ്രയേല്‍ നേതാക്കൾ, പുരോഹിതർ തുടങ്ങിയവർക്കൊപ്പമാണ് വീഡിയോയിൽ മോദിയുടേയും ചിത്രം പ്രത്യക്ഷപ്പെട്ടത്.
19 മിനിറ്റിലേറെ ദൈർഘ്യമുള്ള ‘ദ് ക്രോസ് ഷീൽഡ്’ എന്നു പേരിട്ടിരിക്കുന്ന വിഡിയോയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള ലോകനേതാക്കളെ ഐ എസ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടർക്കിഷ്, അറബിക് ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്ന വിഡിയോയിൽ തുർക്കിക്കാരായ രണ്ട് സൈനികരെ സിറിയയിൽ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളുമുണ്ട്. തുർക്കിയിൽ സർവനാശം വിതയ്ക്കുമെന്ന ഭീഷണിയും വീഡിയോയിൽ പറയുന്നു.