ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. സീ ന്യൂസിലെ ഔട്ട്പുട്ട് ഡെസ്ക് പ്രൊഡ്യൂസര്‍ വിശ്വദീപകാണ് രാജിവെച്ചത്. എഡിറ്റര്‍ രോഹിത് സര്‍ദാനക്ക് രാജി അയച്ചുകൊടുത്താണ് വിശ്വദീപക് തീരുമാനം പരസ്യപ്പെടുത്തിയത്. ചാനലിന്റെ വാര്‍ത്താസമീപനവും വര്‍ഗീയ നിലപാടും ചൂണ്ടിക്കാട്ടിയാണ് വിശ്വദീപക് രാജിക്കത്ത് അയച്ചത്.
ജെ എന്‍ യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയുടെ പേരുപറഞ്ഞ് മാധ്യമവിചാരണക്ക് ഇരയാക്കുകയും തെറ്റുകാരനായി മുദ്രകുത്തുകയും ചെയ്തത് അത്യന്തം അപകടകരമായ പ്രവണതയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ ഒപ്പം ചേരുകയല്ല അവരെ ചോദ്യംചെയ്യുക എന്ന കടമ നിറവേറ്റുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും കത്തില്‍ പറയുന്നു.
മോഡി സര്‍ക്കാര്‍ അധികാരമേറിയതിനു ശേഷം വാര്‍ത്തകളെല്ലാം സര്‍ക്കാര്‍ അനുകൂലമായിരുന്നു. അവരുടെ അജണ്ടക്ക് പ്രചാരം നല്‍കുന്ന പണിയാണ് ചാനല്‍ ചെയ്തിരുന്നത്. എന്നാല്‍, മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നു സമ്മതിക്കുമ്പോള്‍ മോഡി ഭക്തി ഇനി തുടരാന്‍ കഴിയില്ലെന്നും കത്തില്‍ ദീപക് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്ന് മാധ്യമപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ബി ബി സി, ജര്‍മന്‍ ചാനല്‍, ആജ്തക് എന്നിവയില്‍ ജോലി ചെയ്ത ശേഷമാണ് സീ ന്യൂസില്‍ ചേര്‍ന്നത്.