ജയലളിത കുറ്റവിമുക്ത; ശിക്ഷ ഹൈക്കോടതി റദ്ദാക്കി- വിധി പറഞ്ഞത് ഒറ്റവാക്കില്‍

തിങ്കള്‍, 11 മെയ് 2015 (11:08 IST)
അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. രാവിലെ 11 മണിയോടെയാണ് പ്രത്യേക ജഡ്ജി ജസ്റ്റിസ് സിആർ കുമാരസ്വാമിയാണ് വിധി പറഞ്ഞത്. ജയലളിതയെ കൂടാതെ തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരുടെയും ശിക്ഷ റദ്ദാക്കി. വിധി പ്രസ്താവിക്കുമ്പോള്‍ 67കാരിയായ ജയലളിത കോടതിയിലെത്തിയിരുന്നില്ല.

ജാമ്യകാലാവധി നാളെ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിധി വന്നത്. കേസിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങി. ജയലളിതയുടെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു എന്ന ഒറ്റവരി മാത്രമാണു ജഡ്ജി വായിച്ചത്. കേസില്‍ ജയലളിതയ്‌ക്കൊപ്പം കുറ്റക്കാരാണെന്നു കണ്ടെത്തിയ മറ്റുമൂന്നു പേരെയും കോടതി വെറുതെ വിട്ടു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27നാണു ജയലളിത, തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്കു നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു. ഈ വിധിയാണു റദ്ദാക്കിയിരിക്കുന്നത്.

നേരത്തെ 21 ദിവസത്തെ ജയിൽ വാസം അനുഭവിച്ച ജയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള ജയലളിതാ അനുഭാവികളുടെ വരവ് അനിയന്ത്രിതമായാൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പൊലീസിനെയാണ് നഗരത്തില്‍ വിന്യസിക്കുക. ഉച്ചത്തില്‍ പാട്ട് വെക്കുന്നതിനും, ജാഥ നടത്തുന്നതുനും വിലക്ക് ഉണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏത് തരത്തിലുള്ള പ്രകടനത്തെയും കോടതിയുടെ വളരെ അകലെവെച്ച് തന്നെ തടയാനാണ് അധികൃതരുടെ തീരുമാനം. കോടതിയുടെ പരിസരത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക