കഴിഞ്ഞദിവസം രാത്രി അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി രാഷ്‌ട്രപതിഭവനില്‍ ദേശീയപതാക താഴ്ത്തിക്കെട്ടി. ജയലളിതയുടെ നിര്യാണത്തില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
ജയലളിതയുടെ മരണവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ തന്നെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഊര്‍ജ്ജസ്വലയായ പ്രമുഖനേതാവ് എന്നാണ് ജയയെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ വലിയ വിടവാണ് ജയലളിതയുടെ മരണമെന്നും കുമാരി ജയലളിതയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമിഴ് ജനതയോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഒരു മഹനീയ നേതാവിനെ നമുക്കിന്ന് നഷ്‌ടമായി. ആയിരങ്ങള്‍ക്ക് അമ്മയായ നേതാവിനെയാണ് നഷ്‌ടമായതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷാ, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, എ ആര്‍ റഹ്മാന്‍, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, രജനീകാന്ത്, ഹേമമാലിനി എന്നിവരും അനുശോചനം രേഖപ്പെടുത്തി.