തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിയോഗത്തില്‍ നിന്നും ദിവസങ്ങള്‍ കഴിഞ്ഞിട്ടും തമിഴകം മുക്‍തി നേടിയിട്ടില്ല. ജയയെ അടക്കം ചെയ്‌ത മറീന ബീച്ചിലേക്ക് ആയിരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. അമ്മയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ ഇതുവരെ സര്‍ക്കാരിനും സാധിച്ചിട്ടില്ല.
തമിഴ്‌നാട് സര്‍ക്കാരിന്റെ മിക്ക വെബ്‌സൈറ്റുകളിലും തങ്ങളുടെ മുഖ്യമന്ത്രി ജയലളിതയാണെന്നാണ് ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. സൈറ്റുകളില്‍ നിന്ന് അമ്മയുടെ ചിത്രം ഇതുവരെ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ല. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ മുഖ്യമന്ത്രി ജയലളിതയെന്നാണ് ചിത്രം സഹിതം ഇപ്പോഴും കാണിച്ചിരിക്കുന്നത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും ചെന്നൈ കോര്‍പ്പറേഷന്റെ സൈറ്റിലും ജയലളിതയുടെ ചിത്രമാണ് കാണിച്ചിരിക്കുന്നത്. മെട്രോ റെയില്‍ പദ്ധതിയുടെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട സൈറ്റുകളിലും ജയയുടെ ചിത്രമുണ്ട്.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനം ശശികല നടരാജന്‍ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശശികല ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തതിനു ശേഷം പാര്‍ട്ടിയില്‍ താഴെത്തട്ടുമുതല്‍ ഉടച്ചുവാര്‍ക്കലുകള്‍ ഉണ്ടാകുമെന്നും അതിന് ശേഷമാകും ജയലളിതയുടെ ചിത്രങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യുക എന്നാണ് അറിയുന്നത്.
ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ശശികല എത്തുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ജയലളിതയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഒരു വിഭാഗം മന്ത്രിമാരും ഭയത്തിലാണ്. പാര്‍ട്ടിയില്‍ വരാന്‍ പോകുന്ന ഉടച്ചു വാര്‍ക്കലുകളെ ഇവര്‍ ഭയപ്പെടുന്നുണ്ട്. അതേസമയം, ചിന്നമ്മ അധികാരം പിടിച്ചെടുത്താല്‍ ഒ പനീര്‍ സെല്‍വത്തിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുമെന്ന വാര്‍ത്തകളും ചെന്നൈയില്‍ പ്രചരിക്കുന്നുണ്ട്.
പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്‌റ്റംബര്‍ 22ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ച ജയലളിത ഈ മാസം അഞ്ചിനാണ് അന്തരിച്ചത്. പല തവണ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയെങ്കിലും അവരുടെ രോഗവിവരം എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ തയാറായിരുന്നില്ല.