‘അമ്മ’യ്ക്ക് പകരമാകാന്‍ മരുമകള്‍ എത്തുന്നു; ദീപ ജയകുമാര്‍ രണ്ടും കല്പിച്ച്

ചൊവ്വ, 17 ജനുവരി 2017 (14:00 IST)
തമിഴ്നാട്ടില്‍ ‘അമ്മ’യ്ക്ക് പകരമാകാന്‍ മരുമകള്‍. രംഗത്തെത്തുന്നു. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാര്‍ തമിഴ് രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിച്ച ദീപ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലമാണ് താന്‍ രാഷ്‌ട്രീയത്തിലേക്ക് വരുന്നതെന്നും വ്യക്തമാക്കി.
 
ജയലളിതയുടെ ഒരേയൊരു സഹോദരന്‍ ജയകുമാറിന്റെ മകളാണ് 42കാരിയായ ദീപ. പാര്‍ട്ടി സ്ഥാപകന്‍ എം ജി ആറിന്റെ ജന്മദിനമായ ജനുവരി 17ആണ് രാഷ്‌ട്രീയപ്രവേശനം പ്രഖ്യാപിക്കാന്‍ ദീപ തെരഞ്ഞെടുത്തത്. ഇതോടെ, ജയലളിതയുടെ മരണശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്ക് ഇനി മുന്നോട്ടുള്ള യാത്ര അത്ര സുഗമമായിരിക്കില്ല.
 
നിരവധി അനുയായികള്‍ക്കൊപ്പം എം ജി ആറിന്റെയും ജയലളിതയുടെയും സ്മാരകങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദീപ ശ്രമിച്ചെങ്കിലും വന്‍ ജനത്തിരക്ക് കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം തനിക്കൊപ്പമാണെന്ന് ദീപ വ്യക്തമാക്കി.
 
രാഷ്‌ട്രീയത്തില്‍ തന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് ദീപ വ്യക്തമാക്കി. രണ്ട് സാധ്യതകളാണ് തനിക്കു മുന്നിലുള്ളത്. ഒന്ന്, എ ഐ എ ഡി എം കെയില്‍ ചേരുക അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുക. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് തന്റെ അനുയായികളുമായി ചര്‍ച്ച ചെയ്യുമെന്നും ദീപ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക