സുബ്രഹ്മണ്യൻ സ്വാമി ജെഎൻയു വിസി ആയേക്കുമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (08:42 IST)
മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎൻയു) വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സ്വാമിയെ ഈ സ്ഥാനത്തേക്ക് ക്ഷണിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി.

നിലവിലെ വൈസ് ചാന്‍സലര്‍ എസ്കെ സോപോറി അടുത്ത ജനുവരിയില്‍ വിരമിക്കാനിരിക്കെയാണു പുതിയ വിസിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പുതിയ വിസി സ്ഥാനത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേന്ദ്ര മന്ത്രാലയം നേരത്തെ പരസ്യം ചെയ്തിരുന്നു. ഇത്തരത്തിൽ ലഭിച്ച അപേക്ഷക‌ളിൽ നിന്നും വിസിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പുതിയ നീക്കം.

വൈസ് ചാന്‍സലര്‍ വിഷയത്തില്‍ സ്മൃതി ഇറാനിമായി സുബ്രഹ്മണ്യൻ സ്വാമി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. എന്നാൽ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും തന്നെ ഉണ്ടായിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിൽ കുറിക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക