പശുവിനെ കൊന്നുവെന്ന് ആരോപിച്ചു കൊല; കശ്‌മീരില്‍ ബന്ദ്, എങ്ങും കനത്ത സുരക്ഷ
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (08:35 IST)
പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ഉധംപൂരിൽ യുവാവിനെ പെട്രോൾ ബോബെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ജമ്മു കശ്‌മീരില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്. കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെ ജമ്മുകാശ്മീരിൽ കേന്ദ്രം വിന്യസിച്ചു.
അതേസമയം, ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശഹീദ് റസൂൽ ഭട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പിടികൂടിയെന്ന് ഉധംപൂർ ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ഇതിൽ അഞ്ചുപേർക്കെതിരെ പിഎസ്എ കുറ്റം ചുമത്തി. ഇതു കൂടാതെ കൊലപാതക കുറ്റവും പിടികൂടിയവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ഒക്‌ടോബര്‍ ഒമ്പതിനായിരുന്നു സംഭവം നടക്കുന്നത്. ശഹീദ് റസൂല്‍ ഭട്ടും സുഹൃത്തുക്കളും പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ആക്രമികള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിക്കു നേരെ നേരെ പെട്രോൾ ബോബെറിയുകയായിരുന്നു. ശരീരത്തില്‍ 74 ശതമാനത്തോളം പൊള്ളലേറ്റ ശഹീദ് ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഞായറാഴ്‌ച 16 വയസുകാരനായ ശഹീദ് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഷാഹിദിനൊപ്പം ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് അഹമ്മദിന്റെ നിലയും അപകടാവസ്ഥയിൽ തുടരുകയാണ്. എന്നാൽ പശുക്കൾ ചത്തത് ഭക്ഷ്യവിഷബാധ കാരണമായിരുന്നെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.
യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാശ്മീർ താഴ്‌വരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. പലയിടത്തും പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കടകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. ബന്ദിനോട് സഹകരിക്കുമെന്ന് വിവിധ സംഘടനകളും അറിയിച്ചിട്ടുണ്ട്. നിരപരാധിയായ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കാശ്മീർ താഴ്‌വരയിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും, ജമ്മു ശ്രീനഗർ ഹൈവേ അടപ്പിച്ച് ഗതാഗതം സ്തംഭിപ്പിക്കുമെന്നും ലിബറേഷൻ ഫ്രണ്ട് നേതാവ് യാസിൻ മാലിക് അറിയിച്ചു.