കടല്‍ക്കൊല: കേന്ദ്ര സർക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (11:16 IST)
കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ലാത്തോറെ മാസിമിലിയാനോയെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. രണ്ടാഴ്ചയയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവയ്ക്കണമെന്ന നാവികരുടെ ജാമ്യ വ്യവസ്ഥയിലും കോടതി അനുവദിച്ചിട്ടുണ്ട്.
പക്ഷാഘാതത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേനെ കോടതിയെ സമീപിച്ചത്. അതേസമയം ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലാത്തോറെ മാസിമിലിയാനോയുടെ നില ഗുരുതരമല്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇറ്റാലിയൻ നാവികർ എൻറിക്ക ലെക്സി കപ്പലിലെ ക്യാപ്ടനുമേൽ സമ്മർദ്ദം ചെലുത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്നവര്‍ ആയുധ ധാരികളായിരുന്നുവെന്ന് ഇ മെയില്‍ സന്ദേശം അയയ്ക്കാന്‍ എന്‍്റിക ലെക്സിയുടെ ക്യാപ്റ്റനെ മറീനുകള്‍ നിര്‍ബന്ധിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഇക്കാര്യം സമ്മതിച്ചതായാണ് വിവരം. അതേസമയം സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളും നിരായുധരായിരുന്നു എന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.