പുതുവൽസര ദിനാഘോഷം: കൊച്ചിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേല്‍

ശനി, 31 ഡിസം‌ബര്‍ 2016 (10:25 IST)
പാശ്​ചാത്യ രാജ്യങ്ങളിൽ നിന്ന്​ പുതുവൽസരം ആഘോഷിക്കാനായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലി​ന്റെ മുന്നറിയിപ്പ്​. വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേൽ പൗരൻമാർ ജാഗ്രത പുലർത്തണമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യയിലെ തെക്കു-പടിഞ്ഞാറൻ നഗരങ്ങളിലേക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 
 
ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് മുഖേന ഇസ്രയേൽ ഭീകരവിരുദ്ധ ഡയറക്ടറേറ്റാണ് ഈ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതുവൽസര ദിനത്തോട്​ അനുബന്ധിച്ച്​ നടത്തുന്ന ബീച്ച്​ പാർട്ടികളിൽ വിദേശികൾ ആക്രമിക്കപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്​. ഇന്ത്യയിലെ ഗോവ, പൂ​നെ, മുംബൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പാർട്ടികളിൽ പ​ങ്കെടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്നതും ഇത്തരം സ്​ഥലങ്ങളിലെ പാർട്ടികൾ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിർദേശിക്കുന്നുണ്ട്.
 
ഇസ്രായേല്‍ പൗരന്‍മാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ത്യ. പ്രതിവര്‍ഷം 20,000ത്തോളം ഇസ്രായേല്‍ പൗരന്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രം മുന്നറിയിപ്പ് നല്‍കാന്‍ എന്താണ് കാരണമെന്ന് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ഡയറക്ട്രേറ്റ് വ്യക്തമാക്കിയിട്ടില്ല. പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ലോകമെങ്ങും കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക