ലോകത്തെ ഭീതിയിലാഴ്‌ത്തുന്ന ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) എത്തിയ മലയാളിയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിൽ ഐഎസ് അനുകൂല ആശയപ്രചാരണം. കാസർകോട് അണങ്കൂർ സ്വദേശി ഹാരിസ് മസ്താനെ ഭീകരരുടേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്.
‘മെസേജ് ടു കേരള’യെന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ താങ്കളെ അംഗമാക്കിയിരിക്കുന്നുവെന്ന സന്ദേശം വ്യാഴാഴ്ച രാത്രിയാണ് ഹാരിസ് മസ്താന് ലഭിച്ചത്. എന്തിനാണ് എന്നെ ഈ ഗ്രൂപ്പില്‍ അംഗമാക്കിയതെന്ന ഇയാളുടെ ചോദ്യത്തിന് ജിഹാദടക്കമുള്ള വിഷയങ്ങളെക്കുറിച്ച് കുറേ ശബ്ദസന്ദേശങ്ങൾ ലഭിച്ചതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
തൃക്കരിപ്പൂരിൽ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം ഫോണിലേക്ക് വന്നിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി തന്നെ ഹാരിസ് കാസർകോട് സിഐയ്ക്കു പരാതി നൽകി. തൊട്ടടുത്ത ദിവസം എൻഐഎയുടെ കൊച്ചിയിലെ ഡിവൈഎസ്പി മൊഴിയെടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ഗ്രൂപ്പ് നിർമിച്ചിരിക്കുന്നത്. അബു ഇസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിൻ.