ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി: ഇന്ത്യ നിയമം കൊണ്ടുവരുന്നു

തിങ്കള്‍, 2 ഫെബ്രുവരി 2015 (15:04 IST)
ഇന്ത്യന്‍ പൌരന്മാര്‍ക്കിടയില്‍ ഭീകര സംഘടനായ ഇസ്ലാമിക്സ്റ്റേറ്റിനൊട് ആഭിമുഖ്യം കൂടുന്നത് തടയാനും ഇത്തരം സംഘടനകളുമായി അടുത്ത ബന്ധം പ്രകടിപ്പിക്കുന്ന പൌരന്മാരെ ശിക്ഷിക്കാനും ഇന്ത്യ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നു.  കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 15ല്‍ അധികം ഇന്ത്യക്കാര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ചു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
 
ഐഎസുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കൃത്യമായൊരു നയവും നിയമവും രൂപീകരിക്കണമെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  കൃത്യമായൊരു നയമില്ലാത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഐഎസുമായി ബന്ധപ്പെട്ട കേസുകള്‍ വ്യത്യസ്ത കേസുകളായി പരിഗണിക്കുകയാണ് പതിവ്. ഇന്ത്യയില്‍ ഐഎസുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഒരേയൊരു കേസ് കല്യാണ്‍ സ്വദേശി ആരിബ് മജീദിനെതിരെയാണ്.
 
എന്നാല്‍ വിദേശത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ, വിലക്കപ്പെട്ടൊരു പ്രസ്ഥാനത്തെ ഇന്റര്‍നെറ്റിലൂടെ പിന്തുണയ്ക്കുകയോ ചെയ്താല്‍ ഏത് തരത്തിലാണ് അതിനെ നേരിടേണ്ടതെന്ന കാര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ നീക്കം.കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഏഴു പേരടക്കം ഒന്‍പതംഗ ഇന്ത്യന്‍ സംഘം അടുത്തിടെ തുര്‍ക്കി വഴി ഐഎസ് കേന്ദ്രമായ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു.
 
ഇവരെ തുര്‍ക്കി ഇന്ത്യയിലേക്ക് മടക്കി അയച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ എന്തുനടപടി സ്വീകരിക്കണമെന്ന് കാര്യത്തില്‍ ഏജന്‍സികള്‍ ഇരുട്ടീല്‍ തപ്പുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പില്ലാത്തതാണ് കാരണം. ഇതിനായി കൃത്യമായൊരു നയം രൂപീകരിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക