നിരാഹാര വനിത ഇറോം ശർമിളയെ കോടതി വെറുതെ വിട്ടു

ബുധന്‍, 30 മാര്‍ച്ച് 2016 (15:46 IST)
ഒരു ജനതയുടെ സ്വതന്ത്രമായ ജീവത അവകാശങ്ങള്‍ക്ക് വേണ്ടി നിരാഹാരം ചെയ്തു വന്ന മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിളയെ കോടതി വെറുതെ വിട്ടു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ചാനു എന്ന ഇറോം ശർമിളയെ വെറുതെ വിട്ടത്. നിരാഹാരത്തിൽ ഏർപ്പെട്ട ഈറോം ശർമിളക്കെതിരെ 2006ലാണ് ആതമഹത്യാകുറ്റത്തിന് കേസ് ചുമത്തപ്പെട്ടത്. 
 
2000 നവംബര്‍ അഞ്ചാം തീയതിയാണ്ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും നിരാഹാരം തുടരുകയാണവർ.‘ഇംഫാലിന്റെ ഉരുക്കു വനിത’ യെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്.
 
ആത്മഹത്യാശ്രമത്തിന് നിരവധി തവണ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറെ ക്ഷീണിതയാകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരുന്നിന്‍െറ കൂടെ മൂക്കിലൂടെ കൊടുക്കുന്ന ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിർത്തിയിരിക്കുന്നത്. സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നും ഇറോം ശര്‍മിള അറിയിച്ചിരുന്നു.
 
നിരാഹാരമിരുന്ന് ആതമഹത്യ ചെയ്യാൻ ഇറോം ശർമിള ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ നിയമം ദുരുപയോഗം ചെയ്യുന്നതിന് എതിരായി മാത്രമാണ് താൻ പ്രവർത്തിച്ചതെന്ന് അവർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക