മൂന്നുവര്‍ഷം മുമ്പ് ഷീന ബോറ കൊല ചെയ്യതുമായി ബന്ധപ്പെട്ടാണ് സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ മുംബൈ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. 2012ലായിരുന്നു ഷീന ബോറ കൊല ചെയ്യപ്പെട്ടത്. ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രേട് കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി ഇന്ദ്രാണി മുഖര്‍ജിയെ ഓഗസ്റ്റ് 31 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.
തോക്ക് കൈവശം വെച്ച കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ, ചോദ്യം ചെയ്തപ്പോഴാണ് ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ല മകളാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു.
ആരാണ് ഇന്ദ്രാണി മുഖര്‍ജി ?
1. സ്റ്റാര്‍ ഇന്ത്യ സി ഇ ഒ ആയിരുന്ന പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് 43കാരിയായ ഇന്ദ്രാണി മുഖര്‍ജി.
2. 2002ലാണ് പീറ്റര്‍ മുഖര്‍ജി ഇന്ദ്രാണിയെ വിവാഹം കഴിക്കുന്നത്. പീറ്ററിന്റെയും ഇന്ദ്രാണിയുടെയും രണ്ടാമത്തെ വിവാഹം ആയിരുന്നു ഇത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുണ്ട്.
3. പീറ്റര്‍ മുഖര്‍ജിയുമായി ചേര്‍ന്ന് 2007ലാണ് ഇന്ദ്രാണി 9X മീഡിയ ആരംഭിച്ചത്. പീറ്റര്‍ മുഖര്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഇന്ദ്രാണി മുഖര്‍ജി ആയിരുന്നു സി ഇ ഒ.
4. ആദ്യറിപ്പോര്‍ട്ടുകളില്‍ ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരി ആണെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍, ഷീന ബോറ ഇന്ദ്രാണിയുടെ മകള്‍ ആണെന്ന് കഴിഞ്ഞദിവസം ഇന്ദ്രാണിയുടെ ഡ്രൈവറും പിന്നീട് ഇന്ദ്രാണിയുടെ മകന്‍ മിഖൈല്‍ ബോറയും സ്ഥിരീകരിച്ചിരുന്നു.
5. ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യബന്ധത്തിലുള്ള കുട്ടികളാണ് മിഖൈല്‍ ബോറയും ഷീന ബോറയും. ഇവര്‍ വിവാഹിതയാകുന്നതിന് മുമ്പ് ഉണ്ടായ കുട്ടികളാണ് ഇവരെന്നും അതിനാല്‍ മറ്റുള്ളവരുടെ മുമ്പില്‍ സഹോദരിയും സഹോദരനും ആയിട്ടായിരുന്നു ഇവരെ ഇന്ദ്രാണി പരിചയപ്പെടുത്തിയിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
6. പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി ഷീന ബോറ അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഇവര്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഇതാണ് ഷീനയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.