സിംഗ് കുടുങ്ങിയേക്കും; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന് പരാതിയില്‍, യുവതി ചിത്രങ്ങള്‍ പുറത്തുവിട്ടു

വ്യാഴം, 4 ഫെബ്രുവരി 2016 (15:30 IST)
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്‌റ്റന്‍ സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷുകാരി വനിത ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. സിംഗ് വിവാഹവാഗ്ദാനം നൽകി വര്‍ഷങ്ങളായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ചിത്രങ്ങള്‍.

ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ സര്‍ദാര്‍ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുകയായിരുന്നു. പഞ്ചാബിലെ വിവിധ ഇടങ്ങളില്‍ വെച്ച് പീഡനം നടന്നിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് സര്‍ദ്ദാറുമൊത്ത് പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപത്തു കൂടി പോകുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടത്. യുവതിയുടെ പരാതി വ്യാജമാണെന്നും പീഡനം നടന്നിട്ടില്ലെന്നും സര്‍ദ്ദാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഇതിനെ തുടര്‍ന്നാണ് യുവതി ചിത്രങ്ങള്‍ വെളിപ്പെടുത്തിയത്.

ലണ്ടൻ ഒളിംപിക്സിന്റെ സമയത്ത് യുകെയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതിന് തീരുമാനിക്കുകയുമായിരുന്നു. സിംഗ് താമസിക്കുന്ന സിർസാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും യുവതി പറയുന്നു. നാലുവര്‍ഷത്തെ പ്രണയത്തിനിടെ യുവതി ഗര്‍ഭിണിയാകുകയും ചെയ്‌തു. പിന്നീ ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ദ്ദാര്‍ ശാരീരികമായി പീഡിപ്പിച്ചതോടെ ഗര്‍ഭഛിദ്രം നടത്തുകയുമായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

ഈ കാലയളവില്‍ പീഡനം ശക്തമായതോടെ കഴിഞ്ഞ വര്‍ഷം ആന്‍‌ഡ് വര്‍പില്‍ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മര്‍ദ്ദിച്ച സര്‍ദ്ദാറിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷം സര്‍ദ്ദാര്‍ ബന്ധം പൂര്‍ണ്ണമായും ഒഴിവാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷ്‌ണര്‍ അധികൃതരെ സമീപിച്ച് ലുധിയാന പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

പരാതിക്കാരിയായ പെണ്‍കുട്ടിയെ അറിയാമെന്നും എന്നാല്‍ അവരുമായി യാതൊരു ബന്ധവുമില്ലെന്നും പരാതി വ്യാജമാണെന്നും ഒരു സ്വകാര്യ ചാനലിനോട് സര്‍ദ്ദാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിത്രങ്ങളുമായി യുവതി രംഗത്തെത്തിയത്. 2012 മുതൽ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സർദാർ സിംഗ്. ഹരിയാനയിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. പല അവസരങ്ങളിലും സിംഗ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും സിംഗ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക