45ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യ്ക്ക് ഇന്ന് ഗോവയിലെ പനാജിയില്‍ തുടക്കം. പനാജിയില്‍ ബാംബോലിമിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്രപ്രതിഭയ്ക്കുള്ള സെന്റിനറി പുരസ്‌കാരം നടന്‍ രജനീകാന്തിന് സമ്മാനിക്കും. വാര്‍ത്താവിതരണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
11 ദിവസം നീളുന്ന മേളയില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള 179 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറ് ഡോക്യുമെന്ററികളും ഇതിലുള്‍പ്പെടും. വിഖ്യാത ഇറാന്‍ സംവിധായകന്‍ മഖ്മല്‍ ബഫിന്റെ 'പ്രസിഡന്റാ'ണ് ഉദ്ഘാടന ചലച്ചിത്രം. ചൈനയാണ് ഇക്കുറി അതിഥിരാഷ്ട്രം. ചൈനയില്‍നിന്നുള്ള ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കി പ്രദര്‍ശിപ്പിക്കും. ചൈനാ സംവിധായകനായ വോങ് കാര്‍വായിയുടെ 'ഗ്രാന്‍ഡ് മാസ്റ്ററാ'ണ് മേളയിലെ സമാപനചിത്രം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാസ്‌കാരികവിനിമയ പരിപാടി മെച്ചപ്പെടുത്താന്‍ മേളയ്ക്കിടെ ശ്രമമുണ്ടാകും.
ആഗസ്തില്‍ അന്തരിച്ച ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയ്ക്ക് ചലച്ചിത്രോത്സവം പ്രണാമമര്‍പ്പിക്കും. അദ്ദേഹത്തിന്റെ വിഖ്യാത ചലച്ചിത്രമായ ഗാന്ധി എല്ലാ ദിവസവും സൗജന്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഗുല്‍സാര്‍, ജാനു ബറുവ എന്നിവരുടെ ചിത്രങ്ങള്‍ തിരശ്ശീലയിലെത്തും.
ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളം, മറാഠി ഭാഷകളില്‍ നിന്ന് ഏഴു ചിത്രങ്ങള്‍ വീതം പനോരമയിലുണ്ട്. പരേഷ് മൊകാഷിയുടെ മറാഠി ചിത്രം 'എലിസബത്ത് ഏകാദശി' പനോരമയിലെ ഉദ്ഘാടനചിത്രമായി വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും.
15 തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണു ഈ വര്‍ഷം മേളയുടെ മത്സരവിഭാഗത്തിലുള്ളത്. സുവര്‍ണ്ണ മയൂരം,രജതമയൂരം ഉള്‍പ്പെടെ എട്ട് അവാര്‍ഡുകള്‍ മേളയില്‍ വിതരണം ചെയ്യും. 1983, ഞാന്‍, വര്‍ഷം, മുന്നറിയിപ്പ്, ദൃശ്യം, സ്വപാനം എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മലയാള ചിത്രങ്ങള്‍.
ആഗസ്റ്റില്‍ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ ബറോയ്ക്ക് ചലച്ചിത്ര മേളയില്‍ പ്രണാമം അര്‍പ്പിക്കും. അദ്ദേഹത്തിന്‍റെ വിഖ്യാത സിനിമ 'ഗാന്ധി' പൊതുജനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി പ്രദര്‍ശിപ്പിക്കും. ഗോവയില്‍ തുടര്‍ച്ചയായി നടക്കുന്ന പതിനൊന്നാം മേളയാണ് ഈ വര്‍ഷത്തേത്. ഇനി മുതല്‍ ഗോവ തന്നെയാകും ചലച്ചിത്രമേളയുടെ സ്ഥിരം വേദി.