വിയറ്റ്നാമിന് ഇന്ത്യ ആയുധം വില്‍ക്കും, ചൈനയ്ക്ക് പരിഭവം
ബുധന്‍, 29 ഒക്‌ടോബര്‍ 2014 (11:56 IST)
ചൈനയുടെ എതിര്‍പ്പുകളെ മറികടന്ന് ഇന്ത്യ വിയറ്റ്നാമിന് സൈനിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാലു നാവിക പെട്രോള്‍ ബോട്ടുകളാണ് 100 മില്യണ്‍ ഡോളറിന്‍റെ വായ്പാ അടിസ്ഥാനത്തില്‍ ഇന്ത്യ വിയറ്റ്നാം സൈന്യത്തിന് നല്‍കുക. ഇന്ത്യ സന്ദര്‍ശിക്കുന്ന വിയറ്റ്നാം പ്രധാനമന്ത്രി നഗൂയെന്‍ ടാന്‍ ഡങ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് പ്രധാന മന്ത്രിയുടെ സുപ്രധാനമായ പ്രഖ്യാപനമുണ്ടായത്.
റഷ്യന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഇന്ത്യയില്‍ നിര്‍മിച്ച ബ്രഹ്മോസ് മിസൈലുകള്‍ വിയറ്റ്നാമിനു വില്‍ക്കല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസം വിപുലപ്പെടുത്തല്‍, സുരക്ഷാ സാമ്പത്തിക നയങ്ങളില്‍ ജപ്പാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഇന്ത്യ - വിയറ്റ്നാം - ജപ്പാന്‍ ത്രികക്ഷി കരാര്‍ എന്നിവയില്‍ തീരുമാനമായി. ഇന്ത്യയുടെ ഏഷ്യ - പസിഫിക് നയത്തിന്റെ ഹൃദയം വിയറ്റ്നാമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന കരാറാണിത്.
വിയറ്റ്നാം പ്രതിരോധ സേനയ്ക്ക് ഇന്ത്യ സഹായം നല്‍കുന്നതില്‍ ചൈനയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് വിയറ്റ്നാം സൈന്യത്തിന് സഹായവുമായി ഇന്ത്യ മുന്നോട്ടു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് വിയറ്റ് നാമും ചൈനയും തര്‍ക്കത്തിലാണ്. അതിനിടയില്‍ ഇന്ത്യയ്ക്ക് അവിടെ എണ്ണ പര്യവേക്ഷണത്തിന് വിയറ്റ്നാം അനുമതി നല്‍കിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
പുതിയ നടപടിയിലൂടെ ഏഷ്യാ- ഫസഫിക് മേഖലയില്‍ ശക്തമായി ഇടപെടുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനോടു ചേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിയറ്റ്നാം സന്ദര്‍ശിച്ചത് ഇന്ത്യ ആ രാജ്യത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നു വ്യക്തമാക്കിയിരുന്നു.