ഒബാമയ്ക്ക് മുമ്പേ ഇന്ത്യ പിടിക്കാന്‍ പുടിനെത്തും

വ്യാഴം, 4 ഡിസം‌ബര്‍ 2014 (08:33 IST)
ഇന്ത്യ- റഷ്യ ബന്ധത്തിലെ അകല്‍ച്ച മറികടക്കാനും ഇന്ത്യ അമേരിക്കയേ വാരിപ്പുണരുന്നതും കണകിലെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. ഈമാസം 11നാകും പുടിന്റെ സന്ദര്‍ശനമെന്നാണ് അറിയുന്നത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുടിന്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരമാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

പതിനഞ്ചാമത് ഇന്ത്യ  -റഷ്യ ഉച്ചകോടിക്കാണ് പുടിന്‍ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനുമായി നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം രണ്ടു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവയ്ക്കും. കൂടാതെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പുടിന്‍ സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ കൂടംകുളത്ത് റഷ്യയുടെ സഹായത്തോടെ സ്ഥാപിച്ച ആണവനിലയം സന്ദര്‍ശിക്കാനുള്ള പുടിന്റെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു.

കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പുടിനെ ക്ഷണിച്ചത് മോദി തന്നെയാണ്. ഇതനുസരിച്ച് റഷ്യയില്‍ നിന്ന് പ്രസിഡന്റിന്റെ സുരക്ഷാസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയിരുന്നു. പുടിന്‍ കൂടംകുളം സന്ദര്‍ശിക്കുന്നത് സുരക്ഷാ ഭീഷണിക്കു വഴിവയ്ക്കും എന്നാണ് റഷ്യന്‍ സംഘം അഭിപ്രായപ്പെട്ടത്. 17,270 കോടി രൂപ മുതല്‍മുടക്കു വരുന്ന കൂടംകുളം പദ്ധതിക്ക് 6416 കോടി രൂപയുടെ സഹായം റഷ്യയില്‍ നിന്നാണ്, സാങ്കേതിക സഹായം പുറമേയും.

ഇന്ത്യ ആയുധങ്ങള്‍ക്കും വിമാനങ്ങള്‍ക്കുമായി യുഎസ്, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി കരാറുണ്ടാക്കിയത് റഷ്യയ്ക്ക് ഇഷ്ടമായിട്ടില്ല. അതിനാല്‍ 40 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൈനിക സഹകരണത്തിന് റഷ്യ പാക്കിസ്ഥാനുമായി കാരാറിലേര്‍പ്പെട്ടു. ഈ സാഹചര്യത്തില്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം വളരെയേറെ പ്രസ്ക്തിയുള്ളതാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിയതോടെയാണ് അവര്‍ പാക്കിസ്ഥാനിലേക്ക് തിരിഞ്ഞത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടാണ് പുടിന്‍ എത്തുന്നത്. പുടിന്റെ സന്ദര്‍ശനം കഴിഞ്ഞാലുടന്‍ റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു ഡല്‍ഹിയിലെത്തും.  2012 ഡിസംബറിലാണ് ഇതിനു മുന്‍പു പുടിന്‍ ഡല്‍ഹിയില്‍ വന്നത്. അന്ന് ഡല്‍ഹിയില്‍ നിര്‍ഭയയെ മാനഭംഗപ്പെടുത്തിയതിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ ആ സന്ദര്‍ശനം ശ്രദ്ധിക്കപ്പെടാതെ പോയി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക