പിടിയിലായ പാക് ഭീകരനെ എന്‍ഐഎ ചോദ്യം ചെയ്യും, ഇന്ന് ഡല്‍ഹിയിലെത്തിക്കും

Webdunia
വ്യാഴം, 6 ഓഗസ്റ്റ് 2015 (09:23 IST)
ജമ്മു കാശ്‌മീരില്‍ ബുധനാഴ്‌ച പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദിനെ ഇന്ന് ഡല്‍ഹിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും. ദേശീയ അന്വേഷണ ഏജന്‍സിയാവും ഇയാളെ ഇനി ചോദ്യം ചെയ്യുക. ഇന്ത്യയില്‍ എങ്ങനെ എത്തിയെന്നും പദ്ധതിയിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങളും അറിയുന്നതിനാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.

ബുധനാഴ്‌ച ജമ്മു കാശ്‌മീരിലെ ദേശിയപാതയില്‍ ആക്രമണം നടത്തി രണ്ട് ബി എസ് എഫ് ജവാന്മാരെ കൊലപ്പെടുത്തിയ ഭീകരന്‍ മുഹമ്മദ് നവീദിനെ നാട്ടുകാരാണ് പിടികൂടിയത്. ആദ്യത്തെ ചോദ്യം ചെയ്യലില്‍ തന്നെ പരസ്പര വൈരുദ്ധ്യമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞത്. ആദ്യം മുഹമ്മദ് നവീദെന്ന് പേര് പറഞ്ഞ ഇയാള്‍ ഉടനെ കാസിമെന്നും പിന്നീട് ഉസ്മാനെന്നും ഇയാള്‍ പേരുമാറ്റിപറഞ്ഞിരുന്നു. ആദ്യം തനിക്ക് 20 വയസാണെന്ന് പറഞ്ഞ നവീദ് പിന്നെ 16 വയസെന്ന് തിരുത്തിപറയുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെത്തിച്ച് ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ ചോദ്യം ചെയ്യുക.

മുഹമ്മദ് നവീദ് പാക്ക് സ്വദേശിയെന്ന് സമ്മതിച്ചതോടെ ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങള്‍ക്കു പിന്നിലെ പാക്ക് ബന്ധം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്‍റെ കാര്യത്തില്‍ പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ശക്തമാക്കിയേക്കും. അജ്‌മല്‍ കസബിന് ശേഷം ഇന്ത്യയില്‍ ജീവനോടെ പിടിയിലാകുന്ന ആദ്യ പാക് ഭീകരനാണ് മുഹമ്മദ് നവീദ്.