ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂർ. പാകിസ്‌ഥാൻ ഭീകരതയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പാകിസ്ഥാനുമായി ക്രിക്കറ്റ് മൽസരം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂൾ ചെയ്താലും മൽസരത്തിന് ഇന്ത്യ തയാറല്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതിയിൽ പങ്കെടുക്കാനെത്തിയ അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പാകിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് സംബന്ധിച്ച ചോദ്യം തന്നെ ഉദിക്കുന്നില്ല. പാകിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിൽ ഒരു പരിധിവരെ വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു. ലോകരാജ്യങ്ങൾക്കു മുന്നിൽ അവരെ ഒറ്റപ്പെടുത്താനും ഇന്ത്യക്ക് സാധിച്ചുവെന്നും അനുരാഗ് ഠാക്കൂർ കോഴിക്കോട് പറഞ്ഞു.