ട്വന്റി- 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിച്ച ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെതിരെ പരാതി. ബച്ചൻ ദേശീയഗാനം തെറ്റായാണ് ആലപിച്ചതെന്ന് ആരോപിച്ചാണ് ന്യൂഡൽഹി അശോക് നഗർ പൊലീസ് സ്റ്റേഷനിൽ ഒരാൾ പരാതി നൽകിയത്.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായിട്ടാണ് ബച്ചന്‍ ദേശീയഗാനം ആലപിച്ചത്. എന്നാൽ വരികൾ തെറ്റിച്ചാണ് ബച്ചൻ പാടിയതെന്നാണ് ആരോപണം. മത്സരത്തിന് കൊഴുപ്പേകാനാണ് ബംഗാൾ ക്രിക്കറ്റ് അധികൃതർ ബച്ചനെക്കൊണ്ട് ദേശീയ ഗാനം ആലപിപ്പിച്ചത്.
നേരത്തെ ദേശീയഗാനം പാടാൻ ബച്ചൻ നാല് കോടി രൂപ പ്രതിഫലം വാങ്ങിയെന്ന വാർത്ത വിവാദമായിരുന്നു. അതേസമയം ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ബംഗാൾ (സിഎബി) ഇക്കാര്യം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. യാത്രാച്ചിലവും താമസവും ഉൾപ്പെടെ 30 ലക്ഷം രൂപയാണ് ബച്ചന് നൽകിയെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ബച്ചൻ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ചടങ്ങിനെത്തിയതെന്നും ഒരു രൂപ പോലും കൈപറ്റിയില്ലെന്നും ആനന്ദിബസാർ പത്രികക്ക് നൽകിയ അഭിമുഖത്തിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൌരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.