12 ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ പാക്ക് വെടിവെപ്പ്
വ്യാഴം, 1 ജനുവരി 2015 (11:30 IST)
ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിവെപ്പ്. ജമ്മു അതിര്‍ത്തിയിലെ സാംബ, ഹിരാനഗര്‍ സെക്ടറുകളിലെ 12 ഇന്ത്യന്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്കിസ്ഥാന്‍ വെടിവെച്ചത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
രണ്ടു ദിവസത്തിനിടെ പാകിസ്താന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഇന്നലെ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് പാക് സൈന്യം വെള്ള പതാക കാണിക്കുകയും മൃതദേഹങ്ങള്‍ മാറ്റാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ പാകിസ്ഥാന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്.
നേരത്തെ പാക്കിസ്ഥാന്‍ എങ്ങനെ ആക്രമിക്കുന്നുവോ അതേ നാണയത്തില്‍ തിരിച്ചടിച്ചോളാന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ സേനക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.