ഇന്ത്യ പഴയ ഇന്ത്യ അല്ല; ജവാൻമാരെ നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (18:56 IST)
ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ബന്ധം വഷളായ ഇന്ത്യ തിരിച്ചടികളുടെ പാതയിൽ. പാക് മേഖലയിൽ നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യൻ സൈനീക അക്രമണത്തെ അനുകൂലിച്ച് ദേശീയ നേതാക്കൾ രംഗത്ത്. പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ സൈന്യത്തേയും പ്രധാനമന്ത്രിയേയും അഭിനന്ദിച്ചാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
 
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ സുരക്ഷിതമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഇതാദ്യമായാണ് ഇന്ത്യ പ്രതികരിക്കുന്നത്. ശക്തമായ മുന്നറിയിപ്പോടെ രംഗത്തെത്തിയിരിക്കുന്നതിലൂടെ പുതിയ ഇന്ത്യയുടെ ഉയർച്ചയാണ് വ്യക്തമാകുന്നതെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.  സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ച ഭീകരരെ തുരത്തിയ സൈന്യത്തിന്റെ നടപടിയെ പ്രശംസിക്കുന്നതായി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലിയും ട്വിറ്ററിൽ കുറിച്ചു.
 
രാജ്യം മുഴുവൻ ഇന്ത്യൻ സേനക്കൊപ്പമുണ്ട്. അതിർത്തി കടന്നുള്ള യുദ്ധം തടയേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. ഇന്ത്യ നടത്തിയ സൈനീക ആക്രമണം അതിന്റെ ഭാഗം മാത്രമാണെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു പ്രതികരിച്ചു.  ഇന്ത്യാ ഗവണ്മെന്റിന്റെ നടപടിക്ക് പൂർണ പിന്തുണ നൽകുന്നുവെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. പിന്നാലെ ഒട്ടനവധി പ്രമുഖരാണ് ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
 

വെബ്ദുനിയ വായിക്കുക