അതിര്‍ത്തിയിലെ സംഘര്‍ഷം, ഉന്നതതല യോഗം ചേര്‍ന്നു

വ്യാഴം, 16 ജൂലൈ 2015 (17:10 IST)
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് അടിയന്തര യോഗം ചേര്‍ന്നത്. ഉന്നതതല യോഗത്തിനു മുന്നോടിയായി ദോവല്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദേവേന്ദ്ര കുമാര്‍ പതക്കുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

നോര്‍ത്ത് ബ്ലോക്കില്‍ 3.30ന് ചേര്‍ന്ന യോഗത്തില്‍  ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവര്‍ പങ്കെടുത്തു.  ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി വെടിവയ്പ് നടത്തുന്നതില്‍ ഇന്ത്യ പാക് ഭരണകൂടത്തേയും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏതാനും സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി വെള്ളിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടരുന്നത്.

വെബ്ദുനിയ വായിക്കുക