ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയ മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യത

ബുധന്‍, 6 ജനുവരി 2016 (09:33 IST)
ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ദുരന്തനിവാരണ സേനയിലെ വിദഗ്‌ധര്‍ ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കിയത്. റിക്‌ടര്‍ സ്കെയിലില്‍ 8.2 അല്ലെങ്കില്‍ അതില്‍ കൂടുതലോ രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകുമെന്നാണ് പറയുന്നത്.
 
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.3 ആയിരുന്നു. അതേസമയം, കഴിഞ്ഞദിവസം മണിപ്പൂരില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 2011ല്‍ സിക്കിമില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിരുന്നു. ഈ ഭൂചലനങ്ങള്‍ പ്രദേശത്ത് ഉണ്ടാക്കിയ മാറ്റങ്ങളാണ് ഹിമാലയന്‍ മേഖലയില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
 
അതേസമയം, ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ ദുരന്തത്തെയാണ് നേരിടേണ്ടി വരികയെന്ന് നാഷണല്‍ ഇന്‍സ്റ്റിട്യൂട് ഓഫ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് ഡയറക്‌ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
 
ഹിമാലയ മേഖലയില്‍ നിന്ന് തുടങ്ങി ബിഹാര്‍, യുപി, ഡല്‍ഹി വരെ ഭൂകമ്പ സാധ്യത വളരെക്കൂടുതലുള്ള സോണ്‍ നാലിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ദുരന്ത സാധ്യത ഇതിലും കൂടുതലുള്ള സോണ്‍ അഞ്ചിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക