ബുധനാഴ്ച നടന്ന ചർച്ചയിലും ധാരണ ഉണ്ടായില്ല: അതിർത്തിയിൽ യുദ്ധസമാന ജാഗ്രത

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (07:55 IST)
ലഡാക്: അതിർത്തിയിൽ മാറ്റം വരുത്താനുള്ള ചൈനിസ് സേനയുടെ ശ്രമങ്ങൾക്കെതിരെ യുദ്ധസമാന ജാഗ്രത ഒരുക്കി പ്രതിരോധം തീർത്ത് ഇന്ത്യൻ സേന. സംഘർഷത്തിൽ അയവ് വരുത്തുന്നതിനായി ബുധനാഴ്ച ബ്രിഗേഡ് കമാൻഡർ തലത്തിൽ നടന്ന ചർച്ചകളും ധാരണയാകാതെ പിരിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് ചർച്ചകൾ ഫലം കാണാതെ പിരിയുന്നത്.
 
29 രാത്രിയിലും 30 ന് പുലർച്ചെയുമായി ചുഷൂലിലേയ്ക്ക് കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ചെറുക്കുന്നതിനിടെ ഇന്ത്യൻ സേനയിലെ ടിബറ്റൻ സൈനികൻ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിസാങ് ലായിലും പാംഗോങ് തടാകക്കരയിലും ആയുധങ്ങൾ വിന്യസിച്ച് ചൈനീസ് സേന ആക്രമണത്തിന് സജ്ജരായി നിലയുറപ്പിച്ചിരിയ്ക്കുകയാണ്. 
 
പ്രദേശത്തും, ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമാന്തരമായും ഇന്ത്യൻ സൈന്യവും അത്യാധുനിക യുദ്ധോപകരണങ്ങൾ വിന്യസച്ചുകഴിഞ്ഞു. പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്ത് ടാങ്കുകളും, ടാങ്ക്‌വേധ മിസൈലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയ്ക്ക് കൂടുതൽ സൈനികരെയും എത്തിച്ചു. ഏത് സാഹചര്യത്തെയും നേരിടുന്നതിനായി അതിർത്തിയിലെ സൈനിക ശക്തി വർധിപ്പിയ്ക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍