കുടുംബത്തിനുവേണ്ടി മടങ്ങേണ്ടിവന്നു, ചിലപ്പോൾ ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ തിരികെയെത്തും: റെയ്ന

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (14:00 IST)
ഐ‌പിഎൽ ഈ സീസണിൽ റെയ്ന കളിക്കില്ല എന്ന് സിഎസ്‌കെ വ്യക്തമാക്കിയത് ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്. പിന്നാലെ ടീമിനോടു ഉടക്കിയാണ് റെയ്ന യുഎഇ വിട്ടത് എന്ന തരത്തിൽ വാർത്തകൾ പ്രചരിയ്ക്കാൻ തുടങ്ങി. റെയ്നയുടെ മടക്കത്തെ കുറിച്ച് പല അഭ്യൂങ്ങളും പരന്നു. ഇപ്പോഴിതാ മടക്കത്തെ കുറിച്ച് ആദ്യമായി തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് റെയ്ന. വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങിയത് എന്നും സിഎസ്‌കെയുമായി ഒരു കുഴപ്പവുമില്ലെന്നും റെയ്ന പറയുന്നു.
 
'കുടുംബത്തിനു വേണ്ടി നാട്ടിലേക്ക് മടങ്ങണമെന്നത് എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. വീട്ടില്‍ അടിയന്തരമായി ഞാൻ ഇടപെടേണ്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചെന്നൈ സൂപ്പർ കിങ്സും എനിയ്ക്ക് കുടുംബം തന്നെയാണ്. മഹി ഭായി എനിക്ക് ഏറെ പ്രധാനപ്പെട്ടയാൾ തന്നെ. വളരെ കഷ്ടപ്പെട്ടാണ് മടങ്ങുക എന്ന തിരുമാനത്തിലെത്തിയത്'. ഈ സീസണിൽ തന്നെ സിഎസ്‌കെയിൽ മടങ്ങിയെത്തുന്നതിനുള്ള സാധ്യതയെ കുറിച്ചും റെയ്ന വെളിപ്പെടുത്തി.
 
'ഇവിടെ ക്വാറന്റീനില്‍ കഴിയുമ്പോഴും ഞാന്‍ പരിശീലനം നടത്തുന്നുണ്ട്. ഈ സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപില്‍ മടങ്ങിയെത്താനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റിനിന്നും വിരമിച്ചുവെങ്കിലും ഞാൻ ഇപ്പോഴും ചെറുപ്പമാണ് സിഎസ്‌കെയ്ക്ക് വേണ്ടി ഇനിയുമൊരു നാലഞ്ച് വർഷം കളിയ്ക്കാൻ എനിയ്ക്ക് ആഗ്രഹമുണ്ട്. റെയ്ന പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍