ആദായ നികുതി വെട്ടിപ്പ്: ജയലളിത ജൂണ്‍ 30ന് ഹാജരാകണം

ചൊവ്വ, 10 ജൂണ്‍ 2014 (11:13 IST)
ആദായ നികുതി വെട്ടിപ്പ് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി. കോടതി നടപടികളോട് സഹകരിക്കണമെന്നും ജയലളിതയും ശശികലയും ജൂലൈ ആദ്യവാരത്തിലും ഹാജരാകണമെന്നും എഗ്മോര്‍ അഡീഷനല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ്(സാമ്പത്തികം) ഉത്തരവിട്ടത്. അഞ്ചാം തവണയാണ് കേസില്‍ ഹാജരാവാന്‍ ജയലളിതയോട് കോടതി ആവശ്യപ്പെടുന്നത്. 
 
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് എഗ്മോര്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നാല് കേസുകളാണ് ജയലളിതക്കും ശശികലക്കുമെതിരെയുള്ളത്. 1997ല്‍ ആദായ നികുതി വകുപ്പ് നടപടിയെ തുടര്‍ന്നാണ് ഇരുവരും പ്രതിചേര്‍ക്കപ്പെട്ടത്.
 
15 വര്‍ഷത്തിലേറെയായി വിചാരണ നടക്കുന്ന കേസ് നാല് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജയലളിതയും ശശികലയും ഹാജരാവാത്തതിനാല്‍ കുറ്റം ചുമത്തല്‍ പോലും പൂര്‍ത്തിയായിട്ടില്ല. 

വെബ്ദുനിയ വായിക്കുക